
Pakistan-Iran border; ഇറാനുമായുള്ള രണ്ട് പ്രധാന അതിർത്തികൾ വഴിയുള്ള വാണിജ്യ വ്യാപാരം പാകിസ്ഥാൻ താത്കാലികമായി നിർത്തിവെച്ചു. ഇതേത്തുടർന്ന് ഏകദേശം 2,000-ഓളം ട്രക്കുകൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. എൽ.പി.ജി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും ക്ഷാമത്തിനും ഇത് കാരണമാകുമെന്ന ആശങ്ക വ്യാപകമാണ്. ഗബ്ദ്-റിംദാൻ, തഫ്താൻ എന്നീ അതിർത്തി ചെക്ക്പോസ്റ്റുകൾ വഴിയുള്ള വ്യാപാരമാണ് തടസ്സപ്പെട്ടത്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും കടത്തലുകൾ തടയുന്നതിനും അതിർത്തി മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷ വർദ്ധിപ്പിക്കാനും നിയമവിരുദ്ധമായ കടത്തലുകൾ നിയന്ത്രിക്കാനും കൂടുതൽ ഫലപ്രദമായ സംവിധാനം ഒരുക്കാനുമാണ് ഈ താൽക്കാലിക നടപടിയെന്ന് ബലൂചിസ്ഥാൻ മുഖ്യമന്ത്രിയുടെ മാധ്യമ-രാഷ്ട്രീയ കാര്യ ഉപദേഷ്ടാവ് ഷാഹിദ് റിന്ദ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, അതിർത്തികൾ ഉടൻ തുറക്കുമെന്നും അതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും പറഞ്ഞു. അതേസമയം, സാങ്കേതികമായ ചില പ്രശ്നങ്ങളാണ് തടസ്സത്തിന് കാരണമെന്നും, കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തിവരികയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഖായി അറിയിച്ചു.
എൽ.പി.ജി, അരി, പഴവർഗ്ഗങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളുമായി വന്ന 2,000-ഓളം ട്രക്കുകൾ അതിർത്തിയുടെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണെന്ന് ക്വറ്റ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു. വ്യാപാരം നീണ്ടുനിന്നാൽ വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ചേംബർ മുന്നറിയിപ്പ് നൽകി. നിലവിൽ പുതിയ ഇറക്കുമതി-കയറ്റുമതി ഓർഡറുകൾ നൽകരുതെന്ന് വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിംദാൻ-ഗബ്ദ് അതിർത്തി വഴി യാത്രക്കാരുടെ സഞ്ചാരം തടസ്സമില്ലാതെ തുടരുന്നുണ്ടെങ്കിലും, വാണിജ്യപരമായ ചരക്കുനീക്കം പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. ദിവസവും 4,000 ടണ്ണിലധികം എൽ.പി.ജി പാകിസ്ഥാനിലേക്ക് എത്തിയിരുന്നത് ഗബ്ദ്-റിംദാൻ അതിർത്തി വഴിയാണ്. ഈ പാത അടഞ്ഞതോടെ കറാച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ധനക്ഷാമവും വിലക്കയറ്റവും ഉണ്ടാകുമെന്നാണ് മേഖലയിലെ വ്യാപാരികളുടെ ആശങ്ക. ബലൂചിസ്ഥാനിലെ നിലവിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം തഫ്താൻ വഴിയുള്ള വ്യാപാരവും നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്താൻ അടുത്തകാലത്തായി നിരവധി ശ്രമങ്ങൾ നടന്നിരുന്നു. ഓഗസ്റ്റിൽ ഇറാനിയൻ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദ് സന്ദർശിക്കുകയും വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കാൻ ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ, മോശം റോഡുകളും സുരക്ഷാ വീഴ്ചകളും ഇന്നും പ്രധാന തടസ്സങ്ങളായി തുടരുന്നു. അതിർത്തികൾ എന്നാണ് വീണ്ടും തുറക്കുക എന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും, ഭരണപരമായ പ്രശ്നങ്ങൾ പരിഹരിച്ചാലുടൻ വ്യാപാരം പുനരാരംഭിക്കുമെന്ന് ബലൂചിസ്ഥാൻ സർക്കാർ ഉറപ്പുനൽകുന്നു.