Cancer Treatment; കാൻസറിനെ തോൽപ്പിക്കാൻ ശരീരത്തിന്റെ ‘രഹസ്യ വഴി’; മെഡിക്കൽ രംഗത്ത് വൻ കണ്ടെത്തൽ

Cancer Treatment; കാൻസർ ചികിത്സാ രംഗത്ത് വിപ്ലവാത്മകമായേക്കാവുന്ന പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ തികച്ചും അപ്രതീക്ഷിതമായ രീതിയിൽ കാൻസർ കോശങ്ങളെ ആക്രമിക്കുന്നതായി ഗവേഷകർ കണ്ടെത്തി. പ്രതിരോധ കോശങ്ങൾ കാൻസറിനെ തിരിച്ചറിയുന്നതും നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ദശാബ്ദങ്ങൾ പഴക്കമുള്ള പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് പുതിയ പഠനം. ശരീരത്തിലെ ദോഷകരമായ കോശങ്ങളെയും കാൻസർ കോശങ്ങളെയും തിരിച്ചറിയാൻ പ്രതിരോധ വ്യവസ്ഥ ‘മേജർ ഹിസ്റ്റോകോമ്പാറ്റിബിലിറ്റി കോംപ്ലക്സ്’ (MHC) എന്ന പ്രത്യേക പ്രോട്ടീനുകളെയാണ് ഉപയോഗിക്കുന്നത്. ഇതിൽ ‘എം.എച്ച്.സി ക്ലാസ് 1’ (MHC class I) എന്ന പ്രോട്ടീനുകൾ, കാൻസർ കോശങ്ങളെ നേരിട്ട് ആക്രമിച്ചു നശിപ്പിക്കുന്ന ‘കില്ലർ ടി കോശങ്ങളുമായി’ (CD8+ T cells) ചേർന്നാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ശാസ്ത്രലോകം ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാൽ, ശരീരത്തെ സഹായിക്കുന്ന പങ്കുമാത്രമുണ്ടെന്ന് കരുതിയിരുന്ന ‘ഹെൽപ്പർ ടി കോശങ്ങൾക്ക്’ (CD4+ T cells) കാൻസറിനെ നേരിട്ട് നശിപ്പിക്കാൻ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ വ്യക്തമാക്കുന്നത്.

ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ ഡാൻ എൽ ഡങ്കൻ കോംപ്രിഹെൻസിവ് കാൻസർ സെന്റർ ഡയറക്ടർ ഡോ. പവൻ റെഡ്ഡിയുടെ നേതൃത്വത്തിൽ, മിഷിഗൺ സർവകലാശാലയിലെ റോഗൽ കാൻസർ സെന്ററിലെ ഗവേഷകരുമായി ചേർന്നാണ് ഈ പഠനം നടത്തിയത്. പ്രശസ്ത ശാസ്ത്രമാസികയായ ‘നേച്ചർ ഇമ്മ്യൂണോളജിയിൽ’ (Nature Immunology) ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല കാൻസർ കോശങ്ങളും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തിൽ നിന്ന് രക്ഷപ്പെടാൻ തങ്ങളുടെ ഉപരിതലത്തിലുള്ള ‘എം.എച്ച്.സി ക്ലാസ് 1’ പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാറുണ്ട്. ഇതോടെ കില്ലർ ടി കോശങ്ങൾക്ക് ഇവയെ കണ്ടെത്താനാകാതെ വരുന്നു. എന്നാൽ, ഇത്തരത്തിൽ ഒളിക്കാൻ ശ്രമിക്കുന്ന കാൻസർ കോശങ്ങൾ ‘ഹെൽപ്പർ ടി കോശങ്ങളുടെ’ (CD4+) പിടിയിലകപ്പെടുകയാണ് ചെയ്യുകയെന്ന് ഗവേഷകർ കണ്ടെത്തി. ഒരു വാതിൽ അടയ്ക്കുമ്പോൾ കാൻസർ കോശങ്ങൾ അറിയാതെ മറ്റൊരു വാതിൽ തുറക്കപ്പെടുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

നിലവിലുള്ള പല ഇമ്മ്യൂണോതെറാപ്പി ചികിത്സകളും കില്ലർ ടി കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രോട്ടീൻ ഘടന മാറ്റി ഒളിക്കാൻ ശ്രമിക്കുന്ന കാൻസറുകൾക്കെതിരെ ഇവ ഫലപ്രദമാകാറില്ല. എന്നാൽ പുതിയ കണ്ടെത്തലിലൂടെ, ‘CD4+’ ഹെൽപ്പർ കോശങ്ങളെ ശക്തമാക്കുന്ന പുതിയ ചികിത്സാരീതികൾ വികസിപ്പിച്ചെടുക്കാൻ സാധിക്കും. കാൻസർ രോഗികളിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചപ്പോഴും ഈ പുതിയ പ്രതിരോധ പ്രവർത്തനം മനുഷ്യ ശരീരത്തിൽ വിജയകരമായി നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അസ്ഥിമജ്ജ മാറ്റിവെക്കലിന് (Bone marrow transplantation) ശേഷം രോഗികളിൽ ഉണ്ടാകാൻ സാധ്യതയുള്ള ‘ഗ്രാഫ്റ്റ്-വേഴ്സസ്-ഹോസ്റ്റ്’ (GVHD) പോലുള്ള ഗുരുതരമായ പാർശ്വഫലങ്ങളെ നിയന്ത്രിക്കാനും ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് കരുതുന്നത്.ലബോറട്ടറി ഘട്ടങ്ങൾ പിന്നിട്ട ഈ കണ്ടെത്തൽ കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. എങ്കിലും, നിലവിലെ കാൻസർ ചികിത്സകൾക്ക് വഴങ്ങാത്ത സങ്കീർണ്ണമായ ട്യൂമറുകളെപ്പോലും കീഴ്പ്പെടുത്താൻ ഭാവിയിൽ ഈ ‘രഹസ്യ വഴി’യിലൂടെ സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് മെഡിക്കൽ ലോകം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Job Malayali - WordPress Theme by WPEnjoy