Google Chrome Gemini Nano AI; ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറായ ഗൂഗിൾ ക്രോം, ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കമ്പ്യൂട്ടറുകളിൽ വലിയൊരു എഐ (AI) മോഡൽ ഇൻസ്റ്റാൾ ചെയ്യുന്നതായി റിപ്പോർട്ട്. ‘ജെമിനി നാനോ’ (Gemini Nano) എന്നറിയപ്പെടുന്ന ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ ഏകദേശം 4 ജിബിയോളം സ്റ്റോറേജ് സ്പേസ് ആണ് കമ്പ്യൂട്ടറുകളിൽ അപഹരിക്കുന്നത്. സാധാരണയായി എഐ സേവനങ്ങൾ ഗൂഗിളിന്റെ ക്ലൗഡ് സെർവറുകൾ വഴിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ജെമിനി നാനോ നിങ്ങളുടെ കമ്പ്യൂട്ടറിൽ നേരിട്ട് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതിനാൽ, ഇന്റർനെറ്റ് ഇല്ലാതെ തന്നെ ടെക്സ്റ്റ് സമ്മറൈസേഷൻ, വ്യാകരണ പരിശോധന, സ്കാം ഡിറ്റക്ഷൻ തുടങ്ങിയ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും. പ്രാദേശികമായി (Locally) വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നത് വഴി സ്വകാര്യത വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.
വിവാദമാകുന്നത് എന്തുകൊണ്ട്?
ഉപഭോക്താക്കൾക്ക് യാതൊരു മുന്നറിയിപ്പോ നോട്ടിഫിക്കേഷനോ നൽകാതെയാണ് ഗൂഗിൾ ഇത്രയും വലിയൊരു ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നത് എന്നതാണ് പ്രധാന വിമർശനം. കുറഞ്ഞ സ്റ്റോറേജ് ശേഷിയുള്ള ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്. ‘weights.bin’ എന്ന ഫയലായിട്ടാണ് ഇത് സിസ്റ്റത്തിൽ സേവ് ചെയ്യപ്പെടുന്നത്. യൂറോപ്യൻ ഡാറ്റാ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യതാ മാനദണ്ഡങ്ങൾ ഗൂഗിൾ ലംഘിക്കുന്നുണ്ടോ എന്ന ചോദ്യവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.
നിങ്ങളുടെ കമ്പ്യൂട്ടറിൽ ഈ ഫയൽ ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
വിൻഡോസ് (Windows): ‘Windows + R’ കീ അമർത്തി %LOCALAPPDATA%\Google\Chrome\User Data\OptGuideOnDeviceModel എന്ന് ടൈപ്പ് ചെയ്ത് എന്റർ ചെയ്യുക. ഇവിടെ ‘weights.bin’ എന്ന ഫയൽ ഉണ്ടെങ്കിൽ എഐ മോഡൽ ഇൻസ്റ്റാൾ ആയിട്ടുണ്ട്.
മാക് (Mac): ഫൈൻഡറിൽ (Finder) പോയി Library > Application Support > Google > Chrome > Default എന്ന ക്രമത്തിൽ ‘OptGuideOnDeviceModel’ എന്ന ഫോൾഡർ പരിശോധിക്കുക.
ഈ എഐ മോഡൽ എങ്ങനെ നീക്കം ചെയ്യാം?
നിങ്ങൾക്ക് ഈ ഫീച്ചർ ആവശ്യമില്ലെങ്കിൽ താഴെ പറയുന്ന ഘട്ടങ്ങളിലൂടെ ഇത് ഒഴിവാക്കാം:
ക്രോം സെറ്റിംഗ്സ്: ക്രോം ബ്രൗസർ തുറന്ന് Settings > System എന്നതിൽ പോയി ‘On-device AI’ എന്ന ഓപ്ഷൻ ഓഫ് ചെയ്യുക.
ക്രോം ഫ്ലാഗ്സ് (വിൻഡോസ് ഉപയോക്താക്കൾക്ക്): ക്രോം അഡ്രസ് ബാറിൽ chrome://flags എന്ന് ടൈപ്പ് ചെയ്യുക. അവിടെ ‘Optimisation Guide’ എന്ന് സെർച്ച് ചെയ്ത് അത് ‘Disabled’ ആക്കി ബ്രൗസർ റീസ്റ്റാർട്ട് ചെയ്യുക.
ഫോൾഡർ ഡിലീറ്റ് ചെയ്യുക: ശേഷം മുകളിൽ സൂചിപ്പിച്ച കമ്പ്യൂട്ടറിലെ ‘OptGuideOnDeviceModel’ എന്ന ഫോൾഡർ മാനുവലായി ഡിലീറ്റ് ചെയ്യുക.
എഐ മേഖലയിലെ ആധിപത്യം ഉറപ്പിക്കാൻ വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെയാണ് ഉപയോക്താക്കളുടെ നിയന്ത്രണമില്ലാതെ ഇത്തരം ഫീച്ചറുകൾ അടിച്ചേൽപ്പിക്കപ്പെടുന്നത്. ഹാർഡ്വെയർ കരുത്തുള്ള സിസ്റ്റങ്ങളിൽ മാത്രമേ ഇത് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നുള്ളൂ എന്ന് ഗൂഗിൾ വിശദീകരിക്കുന്നുണ്ടെങ്കിലും, സുതാര്യതയില്ലാത്ത ഇത്തരം നടപടികൾ സാങ്കേതിക ലോകത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.