വെറുമൊരു കാർഡല്ല; റിട്ടേണി ഐ.ഡി പ്രവാസിയുടെ സുരക്ഷാരേഖയാകണം

NORKA Returnee ID Card; പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കായി നോർക്ക ഏർപ്പെടുത്തിയ ‘റിട്ടേണി ഐ.ഡി കാർഡ്’ പദ്ധതി സംസ്ഥാന സർക്കാരിന്റെ പ്രശംസനീയമായ ഒരു ചുവടുവെപ്പാണ്. എന്നാൽ, ഇതിനെ കേവലം ഒരു പ്ലാസ്റ്റിക് തിരിച്ചറിയൽ കാർഡായി മാത്രം ചുരുക്കിക്കണ്ടാൽ ഈ സംരംഭത്തിന്റെ വലിയ സാധ്യതകളാണ് ഇല്ലാതാകുന്നത്. തിരിച്ചെത്തിയ പ്രവാസിയുടെ അന്തസ്സും അർഹതകളും ഉറപ്പുവരുത്തുന്ന ഒരു സമഗ്ര ‘സാമൂഹിക സുരക്ഷാ രേഖ’യായി ഇതിനെ വികസിപ്പിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി തലമുറകളോളം നിലകൊണ്ടവരാണ് പ്രവാസികൾ. എന്നാൽ, പതിറ്റാണ്ടുകൾ നീണ്ട മണലാരണ്യത്തിലെ അധ്വാനത്തിനൊടുവിൽ നാണയത്തുട്ടുകളില്ലാതെ വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങുന്ന ഒരു പ്രവാസിയുടെ മുന്നിൽ യാതൊരു സുരക്ഷാവലയവുമില്ലെന്നതാണ് ഇന്നത്തെ കയ്‌പേറിയ യാഥാർത്ഥ്യം. മടങ്ങിയെത്തുന്നതോടെ പല ആനുകൂല്യങ്ങളുടെയും മുൻഗണനാ പട്ടികയിൽ നിന്ന് അവർ പുറന്തള്ളപ്പെടുന്നു. സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്ന നൂലാമാലകൾ വേറെയും. ഈ സാഹചര്യത്തിലാണ് നോർക്കയുടെ റിട്ടേണി ഐ.ഡി കാർഡിന്റെ പ്രസക്തി വർധിക്കുന്നത്. വിദേശത്തോ രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളിലോ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ജോലി ചെയ്ത ശേഷം കേരളത്തിൽ സ്ഥിരതാമസമാക്കിയവർക്കാണ് കാർഡിന് അർഹതയുള്ളത്. 200 രൂപ ഫീസിൽ മൂന്നുവർഷത്തെ കാലാവധിയോടെ ലഭിക്കുന്ന ഈ സേവനത്തിന് ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ ഇതിനായി പ്രത്യേക എൻറോൾമെന്റ് സഹായകേന്ദ്രവും ഒരുക്കിയിട്ടുണ്ട്.

എന്നാൽ, കാർഡ് വിതരണം ചെയ്യുന്നതോടെ സർക്കാരിന്റെ ബാധ്യത തീരുന്നില്ല; മറിച്ച് അവിടെ നിന്നാണ് യഥാർത്ഥ ഉത്തരവാദിത്തം ആരംഭിക്കുന്നത്. “ഒരു കാർഡ് സമഗ്ര അവകാശങ്ങൾ” എന്ന നയത്തിലേക്ക് ഈ പദ്ധതി വികസിക്കണം. തൊഴിൽ, ആരോഗ്യം, സംരംഭകത്വം, പെൻഷൻ, സാമൂഹിക സുരക്ഷ, സൗജന്യ നിയമസഹായം തുടങ്ങിയ എല്ലാ സർക്കാർ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ‘ഏകജാലക സംവിധാന’ത്തിന്റെ (Single Window System) താക്കോലായി ഈ കാർഡ് മാറണം. ആനുകൂല്യങ്ങൾക്കായി ഓരോ ഓഫീസിലും കയറിയിറങ്ങി വീണ്ടും വീണ്ടും രേഖകൾ സമർപ്പിക്കേണ്ട ഗതികേട് പ്രവാസിക്കുണ്ടാകരുത്. ഇതോടൊപ്പം, വിദേശത്തുനിന്ന് അവർ ആർജ്ജിച്ചെടുത്ത പ്രൊഫഷണൽ വൈദഗ്ധ്യവും അനുഭവസമ്പത്തും കേരളത്തിന്റെ നവനിർമ്മാണത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലും കൃത്യമായ പദ്ധതിയുണ്ടാകണം. നാട്ടിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിപണിസാധ്യതകളും മൂലധനവും ഉറപ്പാക്കാനും, തൊഴിലന്വേഷകർക്ക് അവരുടെ മുൻപരിചയത്തിന് അനുയോജ്യമായ തൊഴിലുകൾ കണ്ടെത്താനും, നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് സുരക്ഷിതമായ വേദിയൊരുക്കാനും കാർഡുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സംവിധാനം ഒരുക്കേണ്ടതുണ്ട്. പ്രവാസികളുടെ ത്യാഗത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും വേദിയിൽ വാചാലരായാൽ മാത്രം പോരാ; അവർ മടങ്ങിയെത്തുമ്പോൾ നാട് അവരെ എങ്ങനെ ചേർത്തുപിടിക്കുന്നു എന്നതിലാണ് ഒരു ഭരണകൂടത്തിന്റെ കരുതൽ തെളിയുന്നത്. കേരളത്തെ പടുത്തുയർത്തിയവർക്ക് തിരികെ നൽകേണ്ടത് ഔദാര്യമല്ല, നാടിന്റെ കടമയാണ്. ആ വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായി നോർക്ക റിട്ടേണി ഐ.ഡി കാർഡ് മാറട്ടെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Job Malayali - WordPress Theme by WPEnjoy