
GastroZero warning Qatar; സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ശരീരഭാരം കുറയ്ക്കാനുള്ള ‘ഗാസ്ട്രോ സീറോ’ (GastroZero) എന്ന പാനീയം ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH). ഫൈറ്റോ-ഫൈബർ പാനീയം എന്ന പേരിൽ വിപണനം ചെയ്യുന്ന ഈ സ്ലിമ്മിംഗ് ഉത്പന്നത്തിൽ ആരോഗ്യത്തിന് അതീവ ഹാനികരമായതും ലേബലിൽ രേഖപ്പെടുത്താത്തതുമായ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ അടിയന്തര ഇടപെടൽ. മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ് ക്വാളിറ്റി ലബോറട്ടറിയിൽ നടത്തിയ വിശദമായ ശാസ്ത്രീയ പരിശോധനയിലാണ് ‘ഗാസ്ട്രോ സീറോ’ എന്ന ഉത്പന്നത്തിൽ രണ്ട് അലോപ്പതി ഔഷധ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. സിബുത്രാമിൻ, സിൽഡെനാഫിൽ എന്നീ മരുന്നുകളുടെ സാന്നിധ്യമാണ് ലാബ് പരിശോധനയിൽ തെളിഞ്ഞത്. പാക്കറ്റിൽ വെളിപ്പെടുത്താതെ ഇത്തരം ഘടകങ്ങൾ ചേർത്തതിനാൽ ഈ ഉത്പന്നം പൂർണ്ണമായും മായം ചേർത്തതാണെന്നും ഇത് ഉപയോഗിക്കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹൃദയസംബന്ധമായ തകരാറുകൾ, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത്തരം അനിയന്ത്രിത ഘടകങ്ങൾ കാരണമായേക്കാം.
ഈ ഉത്പന്നത്തിന് ഖത്തറിൽ യാതൊരുവിധ ഔദ്യോഗിക ലൈസൻസോ വിൽപനാനുമതിയോ ഇല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് ഉൽപ്പന്നം ആളുകളിലേക്ക് എത്തിക്കുന്നത്. ആകർഷകമായ പരസ്യങ്ങളിൽ വീണ് ലൈസൻസില്ലാത്ത ഇത്തരം വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഖത്തറിലെ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ശക്തമായ നിയന്ത്രണ-നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്നവർക്കും അനധികൃതമായി പ്രചരിപ്പിക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകും. വിപണിയിലോ സോഷ്യൽ മീഡിയയിലോ ലൈസൻസില്ലാത്തതോ സംശയാസ്പദമായതോ ആയ ഉത്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണം. ഇതിനായി 16000 എന്ന ഹെൽപ്ലൈൻ നമ്പറിലോ ghcc@moph.gov.qa എന്ന ഔദ്യോഗിക ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ആരോഗ്യ വിദഗ്ദ്ധരുടെ കൃത്യമായ നിർദ്ദേശമില്ലാതെ ഇന്റർനെറ്റ് പരസ്യങ്ങൾ കണ്ട് ഇത്തരം സ്ലിമ്മിംഗ് പാനീയങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് മന്ത്രാലയം ശക്തമായി നിർദ്ദേശിച്ചു.