Vietnam EV taxi service; യൂബറിനും ഒലയ്ക്കും പുതിയ എതിരാളി; ആയിരം ഇലക്ട്രിക് ടാക്സികളുമായി വിയറ്റ്‌നാം കമ്പനി ഡൽഹിയിൽ

Vietnam EV taxi service; ഇന്ത്യൻ നിരത്തുകളിൽ ആധിപത്യം പുലർത്തുന്ന യൂബറിനും (Uber) ഒലയ്ക്കും (Ola) വെല്ലുവിളിയുമായി വിയറ്റ്‌നാമിൽ നിന്നുള്ള പ്രമുഖ ഇലക്ട്രിക് ടാക്സി സേവനമായ ‘ഗ്രീൻ എസ്എം’ (Green SM) എത്തുന്നു. ഡൽഹി-എൻസിആർ മേഖലയിലാണ് കമ്പനി തങ്ങളുടെ സർവീസുകൾക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ ആയിരം ഇലക്ട്രിക് വാഹനങ്ങളാണ് ഗ്രീൻ എസ്എം ലിമോ (Green SM Limo) എന്ന പേരിൽ സർവീസിനായി ഇറക്കിയിരിക്കുന്നത്. ലാവോസ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ വിജയകരമായ പ്രവർത്തനത്തിന് ശേഷമാണ് ഗ്രീൻ എസ്എം ഇന്ത്യയിലേക്ക് ചുവടുവെക്കുന്നത്. വരും വർഷങ്ങളിൽ പതിനായിരത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ (EV) രാജ്യത്തുടനീളം വിന്യസിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂബറിൽ നിന്നും ഓലയിൽ നിന്നും ഗ്രീൻ എസ്എം-നെ വ്യത്യസ്തമാക്കുന്നത് ഇവരുടെ പ്രവർത്തന രീതിയാണ്. സാധാരണ ടാക്സി പ്ലാറ്റ്‌ഫോമുകൾ ഡ്രൈവർമാരുടെ കാറുകളെയാണ് ആശ്രയിക്കുന്നത് എങ്കിൽ, ഗ്രീൻ എസ്എം സ്വന്തം ഉടമസ്ഥതയിലുള്ള കാറുകൾ തന്നെയാണ് സർവീസിനായി ഉപയോഗിക്കുന്നത്.

ഡൽഹി സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ, ഗതാഗത മന്ത്രി പങ്കജ് സിംഗ് എന്നിവർ ചേർന്നാണ് പുതിയ ടാക്സി സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. വിയറ്റ്‌നാമീസ് കമ്പനിയായ വിൻഫാസ്റ്റ് (VinFast) നിർമ്മിച്ച ഏഴ് സീറ്റർ ഇലക്ട്രിക് എസ് യു വികളാണ് യാത്രക്കാർക്കായി സജ്ജീകരിച്ചിരിക്കുന്നത്. പ്രീമിയം വിഭാഗത്തിലുള്ള യാത്രക്കാരെയാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. സുരക്ഷയ്ക്കായി എല്ലാ വാഹനങ്ങളിലും ക്യാമറകൾ, എമർജൻസി ബട്ടണുകൾ, തത്സമയ മോണിറ്ററിംഗ് സംവിധാനം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർമാർക്കായി മികച്ച ആനുകൂല്യങ്ങളും ഗ്രീൻ എസ്എം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ രണ്ട് മാസങ്ങളിൽ ഡ്രൈവർമാർക്ക് കുറഞ്ഞത് 35,000 രൂപ പേഔട്ട് കമ്പനി ഉറപ്പ് നൽകുന്നു. ഇതിനുപുറമെ പ്രകടനത്തിനനുസരിച്ച് ഇൻസെന്റീവുകളും ലഭിക്കും. യൂബറിലെയും ഓലയിലെയും നിരവധി ഡ്രൈവർമാർ ഇതിനോടകം തന്നെ ഗ്രീൻ എസ്എം-ലേക്ക് മാറാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ദൈനംദിന യാത്രകൾക്ക് പുറമെ എയർപോർട്ട് ട്രാൻസ്ഫറുകൾക്കും ബിസിനസ് ട്രിപ്പുകൾക്കും കമ്പനി മുൻഗണന നൽകും. മൊബൈൽ ആപ്പ് വഴിയോ ഹോട്ട്ലൈൻ നമ്പറിലൂടെയോ ടാക്സി ബുക്ക് ചെയ്യാം. ലോകത്തിലെ ഏറ്റവും വലിയ മൊബിലിറ്റി വിപണികളിലൊന്നായ ഇന്ത്യയിലെ ഹരിത ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ തങ്ങളുടെ സേവനം സഹായിക്കുമെന്ന് കമ്പനി ഗ്ലോബൽ സിഇഒ എൻഗുയെൻ വാൻ തൻ പറഞ്ഞു. ഡൽഹിയിൽ പ്രവർത്തനം സുസ്ഥിരമാക്കിയ ശേഷം ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും ഗ്രീൻ എസ്എം സേവനം വ്യാപിപ്പിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Job Malayali - WordPress Theme by WPEnjoy