passport fees; ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷാ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചത് ലക്ഷക്കണക്കിന് പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുന്നു. അപേക്ഷാ ഫീസിൽ വൻ വർദ്ധനവ് വരുത്തിയതോടെ വിദേശത്ത് ജോലി ചെയ്യുന്ന സാധാരണക്കാർ ഉൾപ്പെടെയുള്ളവർ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരും. പാസ്‌പോർട്ട് വെറുമൊരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിനുള്ള അന്തിമ തെളിവല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നിരക്ക് വർദ്ധനവ് വരുന്നത്.
സാധാരണ പാസ്‌പോർട്ട് (18 വയസ്സിന് മുകളിൽ): 36 പേജുള്ള പാസ്‌പോർട്ടിന് ഇനി മുതൽ 2500 രൂപ നൽകണം. നേരത്തെ ഉണ്ടായിരുന്ന നിരക്കിൽ നിന്ന് 1000 രൂപയുടെ വർദ്ധനവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്.
കുട്ടികൾക്കുള്ള പാസ്‌പോർട്ട് (15-18 വയസ്സ്): 36 പേജുള്ള പാസ്‌പോർട്ടിന് 1750 രൂപയാണ് പുതിയ നിരക്ക്.
ജംബോ പാസ്‌പോർട്ട്: 60 പേജുള്ള പാസ്‌പോർട്ടുകൾക്ക് 3500 രൂപയായി ഫീസ് വർദ്ധിപ്പിച്ചു.
തത്ക്കാൽ പാസ്‌പോർട്ട്: അടിയന്തരമായി പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള തത്ക്കാൽ നിരക്ക് 5000 രൂപയാക്കി ഉയർത്തി.
പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അത് പുതുക്കുന്നതിനും വലിയ തുക ഇനി ചെലവാകും.
36 പേജുള്ള പാസ്‌പോർട്ട് പുതുക്കാൻ സാധാരണ നിരക്ക് 5000 രൂപയും തത്ക്കാൽ നിരക്ക് 6000 രൂപയുമാണ്.
60 പേജുള്ള പാസ്‌പോർട്ടുകൾക്ക് ഇത് യഥാക്രമം 6000 രൂപ (സാധാരണ), 8500 രൂപ (തത്ക്കാൽ) എന്നിങ്ങനെയായിരിക്കും.
ജൂലൈ ഒന്ന് മുതൽ കുവൈത്തിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഫീസ് ഇരട്ടിയായി വർദ്ധിപ്പിക്കുമെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആഗോളതലത്തിൽ തന്നെ അപേക്ഷാ നിരക്കുകൾ പരിഷ്കരിക്കുന്നത്. കുവൈത്തിന് പുറമെ മറ്റ് ജി.സി.സി രാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളിലും സമാനമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. പാസ്‌പോർട്ട് വിതരണത്തിന് മുൻപ് അതീവ ജാഗ്രതയോടെയുള്ള പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും, അത് പൗരത്വത്തിനുള്ള സ്വതന്ത്ര തെളിവായി ഉപയോഗിക്കാനാവില്ലെന്നാണ് പാസ്‌പോർട്ട് സേവാ ദിനത്തിൽ കേന്ദ്ര സർക്കാർ വിശദീകരിച്ചത്. യാത്രാരേഖ എന്ന നിലയിൽ മാത്രം പരിഗണിക്കുന്ന പാസ്‌പോർട്ടിന് ഫീസ് വർദ്ധിപ്പിച്ചത് പ്രവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.